Monday, November 2, 2009

പഴശ്ശിയുടെ ഓര്‍മ്മകള്‍...............

പഴശ്ശിരാജായില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക അഭിമാനം തോന്നുന്നു . 2007 മാര്‍ച്ചില്‍ പഴശ്ശി രാജായുടെ തിരക്കഥ പകര്‍ത്തിയെഴുതാന്‍ വേണ്ടി ഹരിഹരന്‍ സര്‍ എന്നെ വിളിച്ചതാണ് ഇപ്പോള്‍ ഓര്‍മയില്‍ വരുന്നത്. അന്ന് ഈസ്റ്റ് നടക്കാവിലെ ഒരു ഹോട്ടലായിരുന്നു എം .ടി. യും ഹരിഹരന്‍ സാറും ക്യാമ്പ് ചെയ്തിരുന്നത്. 'ഇയാള്‍ക്ക് എഴുതി പരിചയമുണ്ടോ ?'. എന്നെ കണ്ടപാടെ എം .ടി.ചോദിച്ചു. ' മയൂഖം കോപ്പി ചെയ്തത് ഇയാളാണ് '. ഹരിഹരന്‍ സര്‍ എന്നെ പരിചയപ്പെടുത്തി. എം .ടി. യുടെ കാല്‍തൊട്ടു വണങ്ങി എഴുതാനിരുന്നു. ആ വരികള്‍ പകര്തനിരുന്നപ്പോള്‍ അറിയാതെ കയ്കള്‍ വിറച്ചു. വായിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കു മനസ്സില്‍ ആരാധിക്കുന്ന എഴുത്തുകാരന്റെ ജീവസ്സുറ്റ കരുത്താര്‍ന്ന അക്ഷരങ്ങള്‍... അടുത്ത മുറിയില്‍ അയാളുടെ സര്‍ഗ്ഗാത്മകമായ നിറഞ്ഞ സാന്നിധ്യം....തിരക്കഥ വായിച്ചു തുടങ്ങിയപ്പോഴേ ഇതൊരു ക്ലാസ്സിക് സിനിമ ആകുമെന്ന് മനസ്സു മന്ദ്രിച്ചിരുന്നു. എഴുതിയ സീനുകള്‍ വാങ്ങാന്‍ വേണ്ടി ഇടക്കിടെ എം .ടി. യുടെ മുറിയിലേക്ക് പോകേണ്ടിയിരുന്നു. ഗണേഷ് ബീടിയുറെ പുകക്കിടയില്‍ നീറി നീറി വിടരുന്ന ആ സര്‍ഗ ചൈതന്യത്തെ ഞാന്‍ മതിവരുവോളം നോക്കി നിന്നു.. ഒരു ആദ്യപകന്റെ ചിട്ടയോടെ എം .ടി. എന്റെ സംശയങ്ങള്‍ തീര്ത്തു തന്നു. ഒരു പ്രാവശ്യം എഴുതിയ സീനുകളുമായി എം .ടി.എന്റെ മുറിയിലേക്ക് കയറി വന്നു. ഞാന്‍ ഞെട്ടി എഴുന്നേറ്റു. 'വേണ്ട വേണ്ട .... എഴുന്നെല്‍ക്കേണ്ട പണി നടക്കട്ടെ ...ബഹുമാനം മനസ്സില്‍ മതി....' അദ്ദേഹം ഒരു ചെറുചിരി യോടെ പറഞ്ഞു. ക്ലൈമാക്‌സ് എന്തയിരിക്കുമെന്നരിയന്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു.

ഒരു വടക്കന്‍ വീര ഗാഥ യിലേതു പോലെ ക്ലൈമാക്‌സില്‍ എന്തെങ്ങിലും മാറ്റമുണ്ടാകുമോ? . എന്നാല്‍ അതുണ്ടായില്ല. പഴശ്ശി രാജാ ചരിത്രത്തിന്റെ ആവിഷ്‌ക്കരണം ആയിരുന്നു. എല്ലാവരും ഉറങ്ങുമ്പോള്‍ ഹോട്ടല്‍ മുറിയിലെ ശീതളിമയില്‍ ഇരുന്നു പാതിരാവോളം തിരക്കഥ പകര്‍ത്തുമ്പോള്‍ പഴശ്ശി രാജാ യുടെ സാന്നിധ്യം തീവ്രമായി അനുഭവിക്കാന്‍ കഴിഞ്ഞു . എടച്ചേന കുന്ഗ്ഗന്‍ , തലക്കല്‍ , നീലി, തുടങ്ങിയവരും മുറിയിലെ കോണുകളില്‍ നിന്നും ഇറങ്ങിവന്നു. ഈ ചരിത്ര നിയോഗത്തില്‍ എളിയ രീതിയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആ യാമങ്ങളില്‍ എനിക്ക് അഭിമാനം തോന്നി. ഒരു ആഴ്ച കൊണ്ടാണ് പഴശ്ശി രാജാ പകര്‍ത്തി എഴുതി കഴിഞ്ഞത്. ഈസ്റ്റ് നടക്കാവിലെ ഒരു കടയില്‍ നിന്നും അതിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് ഫയല്‍ ചെയ്തു എം ടി യെ എല്പ്പികുമ്പോള്‍ എന്റെ മനസ്സു നിറഞ്ഞു. അദേഹത്തിന്റെ പെനകളിലേക്ക് ഞാന്‍ ഭക്തിയോടെ കണ്ണോടിച്ചു. എന്റെ ആഗ്രഹം അറിഞ്ഞാല്‍ എന്നത് പോലെ എം ടി ആ പേനകള്‍ എല്ലാം വരി എടുത്ത് എനിക്ക് നല്കി. ഞാന്‍ ഭക്തി പൂര്‍വ്വം അവ വാങ്ങി. അദേഹത്തിന്റെ കാല്‍ തൊട്ടു വന്ദിച്ചു.

( തുടരും .........................)